തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി ആരു നടത്തി എന്ന് പറയാൻ ധൈര്യമില്ലാത്ത വിജിലൻസും സിബിഐയും ഒക്കെ ഒളിച്ചു കളിക്കുമ്പോൾ ഒരു നുണ നൂറ് തവണ ആവർത്തിച്ചാൽ അത് സത്യമാകുമെന്ന് ഹിറ്റ്ലറുടെ വലംകൈ ആയിരുന്ന ഗീബൽസ് പറഞ്ഞു വച്ച തന്ത്രം കഴിഞ്ഞ 24 വർഷമായി സിപിഎം തുടരുകയാണ്. പിണറായി വിജയനും വി.എസ്. അച്ചുതാനന്ദനുമാണ് ടൈറ്റാനിയം അഴിമതി ആരോപണവുമായി കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഓടിനടന്നിരുന്നത്. പിന്നെ സാക്ഷാൽ കെ.ടി.ജലീലും. പിണറായിക്ക് കമ്യൂണിസ്റ്റ് എന്ന ലേബലിൽ ഗീബൽസിനെ സ്വീകരിക്കാൻ കഴിയുന്നതു പോലെ പഴയ തീവ്രഇസ്ലാമിസ്റ്റ് സംഘമായ സിമിയുടെ നേതാവായിരുന്ന ജലീലിന് അവരുടെ വിശ്വാസപ്രമാണങ്ങളിൽ ഒന്നായ തക്കിയയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ച് പിണറായിയും അച്ചുതാനന്ദനും പറയുന്ന നുണ വിശ്വാസ പ്രകാരം തന്നെ പ്രഖ്യാപിക്കുകയും ആവർത്തിക്കുകയും ചെയ്യാം.
അതിനാൽ തന്നെ ടൈറ്റാനിയം എന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരാണ് എന്ന്, സിബിഐ അന്വേഷണം ഏറ്റെടുത്ത ഇക്കാലത്ത് ജനം അറിയേണ്ടതുണ്ട്. ആ അഴിമതിക്കാരൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന ഗീബൽസിയൻ കൂട്ടത്തിൻ്റെയും തക്കിയ കമ്പനികളുടെയും ആരോപണങ്ങൾ കേട്ട് ഭയന്നു പോയ കോൺഗ്രസ് ആകട്ടെ ടൈറ്റാനിയം എന്ന വാക്ക് പോലും പറയാൻ മടിക്കുകയാണ്. പേരുദോഷം ഉണ്ടാകുമെന്ന് പേടിച്ച് കോൺഗ്രസ് ടൈറ്റാനിയം അഴിമതിയെ തൊടാൻ മടിക്കുന്ന സാഹചര്യം മുതലെടുത്ത് യഥാർത്ഥ അഴിമതിക്കാരായ മനോരോഗികൾ രക്ഷപ്പെടുകയാണ്. മിന്നൽ മുരളിയിലെ വില്ലനെ പോലെ.
വിഷയത്തെ തൊടാൻ ധൈര്യമില്ലാത്ത കോൺഗ്രസിന് ധൈര്യം കിട്ടാൻ ചില കാര്യങ്ങൾ പറയാം.
അതിൽ ഒന്നാമത്തേത്
മലിനീകരണത്തെ നേരിടാൻ പ്ലാൻ്റ് തുടങ്ങാനെന്ന പേരിലാണ് അഴിമതിക്ക് തുടക്കം കുറിച്ചത്. അത് 1996 മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്താണ്. ആ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയിരിക്കെയാണ് പിണറായി വിജയൻ ലാവലിൻ കമ്പനിയെ കരാറും ഇറക്കുമതിയും പറഞ്ഞ് കേരളത്തിൽ എത്തിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് അതേ സർക്കാരിൻ്റെ കാലത്ത് ടൈറ്റാനിയം അഴിമതിക്കും കളമൊരുക്കം തുടങ്ങിയത്. 2000 ൽ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ ജോർജ് അവിടെ നടക്കാൻ പോകുന്ന പാഴ്ചിലവിനെ തടയാൻ ലോകായുക്തയെ സമീപിച്ച് സ്റ്റേ വാങ്ങുന്നു. 2004 വരെ എ കെ.ആൻ്റണി മുഖ്യമന്ത്രി ആയിരുന്നു. ടൈറ്റാനിയം കമ്പനിയിലെ പദ്ധതികൾ തടഞ്ഞ ലോകായുക്തയുടെ വിധിയെ മറികടക്കാൻ കമ്പനി നേതൃത്വം ഹൈക്കോടതിയിൽ കയറി ഇറങ്ങുകയായിരുന്നു. അന്ന് കമ്പനിയുടെ തലപ്പത്ത് ഉണ്ടായിരുന്നത് ഇന്നത്തെ പിണറായി മന്ത്രി സഭയിലെ ആദർശധീരൻ ഗണേശൻ പിള്ളയുടെ ബന്ധുക്കളും സി പി എം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും ആനത്തലവട്ടം ആനന്ദനും ഒക്കെയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇവർക്കെല്ലാം ആദരണീയനായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും! പിന്നെ ഐസ് ക്രീം പെൺവാണിഭക്കേസ് പൂത്തുലഞ്ഞു നിൽക്കുന്ന കാലവും. ഹൈക്കോടതിയിൽ കമ്പനി വിജയം കണ്ടു. ലോകായുക്ത വിധി തോട്ടിലെറിഞ്ഞു. പദ്ധതിയും ഇറക്കുമതിയും ആകാമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ എ.കെ.ആൻ്റണി മാത്രം മന്ത്രിസഭാ യോഗത്തിൽ പദ്ധതിക്കെതിരെ അന്വേഷണം നടത്താൻ നോട്ടെഴുതി വച്ചു. 4 ദിവസം കഴിഞ്ഞ് രാജിയും വച്ചു. തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. കമ്പനി ഡയറക്ടർ ബോർഡും കുഞ്ഞാലിക്കുട്ടിയും ഒക്കെ ഹൈക്കോടതി വിധിയുമായി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ കയറിയിറങ്ങി പദ്ധതി നടപ്പിലാക്കാൻ സമ്മർദ്ദവും ഭീഷണിയും വിലപേശലും ഒക്കെ നടത്തി. ഒടുവിൽ 100 കോടിയോളം ചിലവു വരുന്ന പദ്ധതിയെ കുറിച്ച് പഠിക്കാനും ആവശ്യമെങ്കിൽ ഇറക്കുമതി ചെയ്യാനും നിർദ്ദേശത്തോടെ മൂന്നേമുക്കാൽ കോടി രൂപയുടെ അനുമതി മാത്രം കൊടുത്തു.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പു വന്നു, മന്ത്രിസഭ മാറി, വി.എസ്. മുഖ്യമന്ത്രിയായി, എളമരം കരിം വ്യവസായ വകുപ്പ് മന്ത്രിയായി, പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയി തുടർന്നു. ഐസ് ക്രീം പാർലർ പീഢന കേസ് അപ്രത്യക്ഷമായി. ജലീൽ ഗീബൽസ് പക്ഷം ചേർന്നു. 2006 ഒക്ടോമ്പറിൽ സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രി വി.എസ്.അചുതാനന്ദന് , റ്റൈറ്റാനിയം പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും എ.കെ.ആൻ്റണി നിർദ്ദേശിച്ച അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകി.എന്നാൽ അതേ ദിവസം തന്നെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം പദ്ധതിക്ക് അംഗീകാരം നൽകുകയും ഉദ്ഘാടനം ആഘോഷമായി നടത്തുകയും ചെയ്തു. 150 കോടിയോളം രൂപയാണ് വി.എസ്. മന്ത്രിസഭയുടെ കാലത്ത് അനുവദിച്ചത്. വായ്പകളും ധനസഹായവും പുറമേ. ഉമ്മൻ ചാണ്ടി അധികാരമൊഴിയുമ്പോൾ 60 കോടിയോളം ലാഭത്തിലായിരുന്ന കമ്പിനി ഇന്ന് 360 കോടി രൂപയുടെ കട ബാധ്യതയിലെത്തി നിൽക്കുന്നു. കസ്റ്റംസ് ഡ്യുട്ടിയിനത്തിൽ വെട്ടിപ്പു നടത്തിയതിന് കേസും ഉണ്ട് കമ്പനിക്കെതിരെ. ഇറക്കുമതി ചെയ്തവയൊക്കെ ഗോഡൗണിൽ തുരുമ്പ് പിടിക്കുന്നു. 1600 തൊഴിലാളികളിൽ നിന്ന് 600 തൊഴിലാളികളിലേക്ക് കുറഞ്ഞിരിക്കുന്നു. പദ്ധതി ഉപേക്ഷിച്ചതായി 2009 ൽ കമ്പനി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി!
ടൈറ്റാനിയം കമ്പനിയുടെ നടത്തിപ്പിനാവശ്യമായ അസംസ്കൃത വസ്തു കരിമണലാണ്. കരിമണൽ ഖനനത്തിന് വി.എസ്.സർക്കാരിൻ്റെ കാലത്ത് എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ അനുമതി നൽകാൻ നടത്തിയ നീക്കവും വിവാദമായിരുന്നു. അതേ കരിമണലിൽ ഇപ്പോൾ കർത്ത കിടന്നുരുളുകയും പിണറായി വിജയനും മകളും മരുമകനും പെട്ടു കിടക്കുകയുമാണ്. ഈ കോഴക്കേസ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ദീർഘകാല പദ്ധതിയായി ആസൂത്രണം ചെയ്ത് ഒരു കോക്കസ് നടത്തിയ തട്ടിപ്പായിരുന്നു എന്നും വ്യക്തമാകുകയാണ്.
ഇനി കോൺഗ്രസാണ് പറയേണ്ടത് -
അന്വേഷണത്തിന് ഉത്തരവിട്ട എ.കെ.ആൻ്റണിയോ പഠനത്തിനും നടപടികൾക്കും വേണ്ടി 3.75 കോടിയോളം മാത്രം അനുവദിച്ച ഉമ്മൻ ചാണ്ടിയോ ആണോ കുറ്റക്കാർ അതോ 150 കോടിയോളം നശിപ്പിച്ച് 360 കോടിയോളം ബാധ്യതയിലാക്കി, ഇപ്പോൾ കരിമണൽ കോഴയിൽ കുഴഞ്ഞു കിടക്കുന്ന സിപിഎം നേതൃത്വമാണോടൈറ്റാനിയം അഴിമതിയുടെ മാടമ്പള്ളിയിലെ യഥാർത്ഥ കള്ള മാനസിക അഴിമതി രോഗി?
Who are the real psychopaths (corrupts) in Madampalli (Titanium)? Why should Congress be afraid? What between charcoal and titanium?